2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

അമ്മയ്ക്ക്‌


ഉദരത്തിലഞ്ചെട്ടു മാസം ചുമന്നു
നീയെനിക്കായ്‌ ഒരു പാടു നോവു തിന്നു
നിന്‍റെ ഗര്‍ഭപാത്രം ചവിട്ടിമെതിച്ചു കുതിച്ചുവന്നവന്‍
ഞാന്‍ അന്നേ അഹങ്കാരി

  ****

നിന്‍റെ മാറിലെ അമൃതിനുറവകളെനിക്കായ്‌
വാത്സല്യം ചുരത്തവേ,
നിന്‍ നെഞ്ചിന്‍ സ്നേഹം നുണഞ്ഞു ഞാന്‍
‍നിന്നെ കടിച്ചു മുറിവേല്‍പിച്ചു.
"കള്ള"നെന്നോതിയെന്നെ നോവാതെ തല്ലി, നീ
നോവൊരനുഭൂതിയായ്‌ നുണഞ്ഞവള്‍ ....
                                          
       ****    
പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയപ്പൊളാരാന്‍റെ
മാവിലെറിഞ്ഞു,മന്യന്‍റെ മക്കളെ നോവിച്ചും
അസുരവിത്തെന്നു പേരു കേള്‍പ്പിച്ചു ഞാന്‍
തല്ലുകൊള്ളാതോടിയെത്തി 
നിന്‍റെ മടിത്തട്ടിലൊളിച്ചപ്പഴും 
വികൃതിയാമെന്നെച്ചൊല്ലി 
കുത്തുവാക്കുകളൊട്ടു കേട്ടപ്പഴും
നീ, സ്വാന്തനത്തിന്‍റെ ഭാണ്ഡ
മെനിക്കായ്‌ തുറന്നു വച്ചവള്‍ ......
                                          
    ****    
പുത്തനുടുപ്പിട്ടണിയിച്ചൊരുക്കി നീയെന്നെ
പള്ളിക്കൂടത്തിലേക്കു യാത്രയാക്കി
മുണ്ടു മുറുക്കിയുടുത്തു നീ നിന്‍റെ
അത്താഴമെനിക്കു പൊതിച്ചോറു തന്നു
ഞാനോ നിന്‍റെ മടിശ്ശീല തപ്പിയി-
ട്ടാരാന്‍റെ മുറ്റമടിച്ചുമെച്ചിലു കഴുകിയും
നീ കാത്ത വിയര്‍പ്പിന്‍ മണമെഴും
നാണയത്തുട്ടു കൈക്കലാക്കി
മുറിബീഡി പുകച്ചു സന്ധ്യക്കു
നേരം തെറ്റി തിരിച്ചെത്തുന്നു.
അന്നു ഞാന്‍ പഠിച്ച പാഠങ്ങളമ്മേ
അത്രയും പിഴയായിരുന്നു.
                                         
****       
പകലന്തിയോളം വേല ചെയ്തു
കിട്ടുന്ന കൂലി മുഴുക്കെയും
വലിച്ചും കുടിച്ചും കളിച്ചും,ബാക്കി
തെരുവിലെപ്പെണ്ണിന്നു കാഴ്ചവച്ചും തീര്‍ത്തു
നീയെനിക്കായ്‌ കാത്തുവയ്ക്കുന്ന
തണുത്തുറഞ്ഞയൊരു പിടിച്ചോറുണ്ണാന്‍
പാതി രാത്രിയും കഴിഞ്ഞു ഞാന്‍
നിലത്തുറയ്ക്കാത്ത പാദങ്ങളോടെത്തവെ
നീ എനിക്കായ്‌ വാതില്‍ തുറന്നു വച്ചു
വഴിക്കണ്ണുമായ്‌ കാത്തിരുവള്‍ ....
കറിയിലുപ്പില്ലെന്നു ചൊല്ലി ഞാന്‍
നിന്നെ നാഭിയ്ക്കു തൊഴിച്ചു വീഴ്ത്തി
എന്‍റെ കാലു നൊന്തെന്നോര്‍ത്തു കരഞ്ഞു തളര്‍ന്നു
നീ അന്നൊരു പോള കണ്ണടച്ചീല
 കള്ളുകുടിച്ചു കരളുവേവി-
ച്ചൊരു നുള്ളു സുഖം നിനക്കായ്‌ തരാതെ
യാത്രയായൊരച്ചന്‍റെ ശിഷ്ടപത്രമാം
ഈ പുത്രനെച്ചൊല്ലി നിന്‍റെ കണ്ണു ചോര്‍ന്നതു
പക്ഷെ, ഞാനറിഞ്ഞീല......


****    
കാലമൊരുപാടു കഴിഞ്ഞു,നരച്ചു കവിളൊട്ടി
നീ വാതം പിടിച്ചു കിടപ്പിലായി
ഊന്നുവടിയൂന്നി നിന്‍റെ ശോഷിച്ച
കാലിലെഴുന്നേറ്റുനില്‍ക്കാന്‍ ശ്രമിച്ചു
നീ വേച്ചു വേച്ചു പോകവേ
ഒരു പെണ്ണിന്‍റെ മൊഴി കേട്ടു
തിരിഞ്ഞുനടവന്‍ ഞാന്‍ മഹാപാപി
വയസ്സുകാലത്തു താങ്ങാകാഞ്ഞയീ
പാഴ്ജന്‍മത്തെയോര്‍ത്തു
നിന്‍റെയുള്ളു വെന്തതു
പക്ഷെ,  ഞാനറിഞ്ഞീല.....


****    
ഇന്ന്‌,
ഞാന്‍ തീര്‍ത്ത പട്ടടയില്‍ നീയെരിഞ്ഞടങ്ങവേ
അമ്മേ, ഞാനറിയുന്നു
ഈ ദുഷ്ടജന്‍മത്തെ നൊന്തുപെറ്റ
നിന്‍റെ വയറു തണുത്തീലയെന്ന്‌
നിന്‍റെ മനസ്സു തണുത്തീലയെന്ന്.
നിന്‍റെ മനസ്സു തണുത്തീലയെന്ന്....

( സമര്‍പ്പണം-
നൊന്തു പെറ്റ മക്കള്‍ ഒരിറ്റു സ്നേഹം നല്‍കാതെ പട്ടിണിയിട്ടു കൊന്ന ഒരായിരം അമ്മമാര്‍ക്ക്‌)

33 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട് ഡോക്ടര്‍.
    അക്ഷര തെറ്റുകള്‍ വായനയില്‍ ചെറിയ കല്ലുകടി ഉണ്ടാക്കുന്നു എന്ന് സ്നേഹപൂര്‍വ്വം പറയട്ടെ.
    ഇനിയും വരട്ടെ നല്ല രചനകള്‍ .
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ധാരാളം എഴുതൂ.

    മലയാളം ബ്ലോഗ്‌ അഗ്രിഗേറ്ററുകളിൽ പോയി റെജിസ്റ്റർ ചെയ്യൂ (www.chintha.com, www.cyberjalakam.com എന്നിവ. www.malayalam-blogs.com ഇവിടെയും റെജിസ്റ്റർ ചെയ്യാം. താങ്കൾ എഴുതുന്നത്‌ കൂടുതൽ പേർ വായിക്കുവാൻ അതു സഹായിക്കും). മറ്റൊന്ന് - email subscription ആണ്‌. please check www.feedburner.com. So whenever u post something new, the subscribers will get that post by mail

    Please remove the word verification.

    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ആദ്യമായാണിവിടെ...
    അമ്മക്കവിതയില് ഒന്നും വിട്ടുപോയില്ല....ഓരോ വരിയുംമനസ്സിനെ സ്പർശിച്ചു.

    ആശംസകള് !

    മറുപടിഇല്ലാതാക്കൂ
  5. കുറച്ചു ചിന്തിക്കാന്‍ വക നല്‍കുന്ന നല്ലൊരു പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  6. അമ്മയെ മറന്നു അവരുടെ ത്യാഗങ്ങള്‍ മറന്നു വൃദ്ധ സദനത്തിലേക്ക് അയക്കുന്ന നെറികെട്ട ഈ കാലത്തിന്റെ മക്കള്‍ ഇത് വായിച്ച്ഗ് മനസ്സിലാക്കിയെങ്കില്‍.....നന്നായി ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. എല്ലാം പ്രതീക്ഷിക്കുകയും എല്ലാം ക്ഷമിക്കുകയും ചെയ്യുന്ന സ്നേഹം. അത് അമ്മായിലേ കാണൂ.. ആ അമ്മ മനസ്സിനുള്ള ദര്‍പ്പണമാണ് ഈ അക്ഷരക്കൂട്ടം.
    സ്വന്തം സുഖത്തെ ത്യജിച്ചും ത്യാഗം ചെയ്യാന്‍ സന്നദ്ധയായ ഒരുവള്‍ അവളാണ് അമ്മ. അവളിലാണ് ഈ ലോകത്തിന്‍റെ നന്മ.. ആ നന്മ മരത്തിനായിരം നന്മകള്‍..!

    ഡോക്ടര്‍, താങ്കള്‍ക്ക് ഇനിയുമേറെ പറയാന്‍ സാധിക്കും. ആശംസകളോടെ,
    നാമൂസ്.

    മറുപടിഇല്ലാതാക്കൂ
  8. എല്ലാം പ്രതീക്ഷിക്കുകയും എല്ലാം ക്ഷമിക്കുകയും ചെയ്യുന്ന സ്നേഹം. അത് അമ്മായിലേ കാണൂ.. ആ അമ്മ മനസ്സിനുള്ള ദര്‍പ്പണമാണ് ഈ അക്ഷരക്കൂട്ടം.
    സ്വന്തം സുഖത്തെ ത്യജിച്ചും ത്യാഗം ചെയ്യാന്‍ സന്നദ്ധയായ ഒരുവള്‍ അവളാണ് അമ്മ. അവളിലാണ് ഈ ലോകത്തിന്‍റെ നന്മ.. ആ നന്മ മരത്തിനായിരം നന്മകള്‍..!

    ഡോക്ടര്‍, താങ്കള്‍ക്ക് ഇനിയുമേറെ പറയാന്‍ സാധിക്കും. ആശംസകളോടെ,
    നാമൂസ്.

    മറുപടിഇല്ലാതാക്കൂ
  9. ഹലോ ഡോക്ടര്‍ ... സാധാരണ കവിത കാണുമ്പോള്‍ ഓടി ഒളിക്കാരാ പതിവ്..മനസ്സിലാവാത്തത് തന്നെ കാരണം.. പക്ഷെ താങ്കളുടെ ഈ കവിത നല്ലൊരു വായനാ അനുഭവം തന്നു...മകന്റെ പശ്ചാത്താപം നന്നായി പറഞ്ഞിട്ടുണ്ട്. ആശംസകള്‍
    ജോസ്

    മറുപടിഇല്ലാതാക്കൂ
  10. നന്ദി,
    മന്‍സൂര്‍ ,
    സാബു,
    ഐക്കരപ്പടിയന്‍ ,
    ഫെനില്‍ ,
    ഇംതി,
    നാമൂസ്‌,
    ജോസ് - എല്ലാവര്‍ക്കും....
    പരിചയക്കുറവുണ്ട് ക്ഷമിക്കുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  11. നേനയുടെബ്ലോഗിൽ നിന്നാണ് ഇവിടെ എത്തിയത്.. എനിക്ക് നന്നായി ഇഷ്ടപ്പെട്ട കവിത ‘കറിയിലുപ്പില്ലെന്നു ചൊല്ലി ഞാന്‍ നിന്നെ നാഭിയ്ക്കു തൊഴിച്ചു വീഴ്ത്തി എന്‍റെ കാലു നൊന്തെന്നോര്‍ത്തു കരഞ്ഞു തളര്‍ന്നു നീ അന്നൊരു പോള കണ്ണടച്ചീല. തുടങ്ങിയ വരികൾ വളരെ മണോഹരം പിന്നെ ലക്ഷണമോത്ത കവിത എന്നൊന്നും ഞാൻ പറയുന്നില്ലാ എങ്കിലും ഈ വായനയിൽ ഇതെനിക്ക് നന്നായി തോന്നി എല്ലാ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  12. അമ്മമാര്‍ നോവാതെ തല്ലുമ്പോള്‍,മക്കള്‍ മനസ്സും ശരീരവും നോവിക്കുന്നു.
    ഉള്ളില്‍ത്തട്ടിയ കവിത.

    മറുപടിഇല്ലാതാക്കൂ
  13. ജീവനുള്ള വരികൾ.. “വീണ്ടും ചുരത്താം ഞനെന്റെ മുലകൾ
    എന്റെയീ അന്ത്യ യാമത്തിലും നീ എന്നിലേക്കോടിയെത്തുമെങ്കിൽ“ എന്നു തെങ്ങുന്ന അമ്മമാരുടെ നേർചിത്രം.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  14. വരാന്‍ താമസിച്ചു
    വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണ് നനഞ്ഞു

    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  15. നല്ല പോസ്റ്റ്‌ ,ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  16. നല്ല വായനാസുഖവും ഉപ്പം നൊമ്പരവും ബാക്കി വച്ച കവിത. ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  17. എല്ലാ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ
  18. ഒരു പെണ്ണിന്‍റെ മൊഴി കേട്ടു എന്തിനാ തിരിഞ്ഞുനടന്നത്?

    മറുപടിഇല്ലാതാക്കൂ
  19. ശരിക്കും മനസ്സിനെ പിടിച്ചുലക്കുന്ന വളരെ ശക്തമായ വരികള്‍,ഞാന്‍ ആദ്യമായാണ് ഈ വഴി വന്നത് !ഇനിയും വരും

    മറുപടിഇല്ലാതാക്കൂ
  20. പറയുമ്പോള്‍ ഒന്നും തോന്നരുത് ,എനിക്കീ കവിത ഇഷ്ടമായില്ല ,കവിതയ്ക്ക് വെറും ആശയം മാത്രമല്ല തൂണ് എന്നാണ് എന്റെ തോന്നല്‍ ,,

    മറുപടിഇല്ലാതാക്കൂ
  21. ഹൃദയസ്പര്‍ശിയായ വരികള്‍ .. നന്നായിട്ടുണ്ട് ഡോക്ടറെ...
    "ഞാന്‍ തീര്‍ത്ത പട്ടടയില്‍ നീയെരിഞ്ഞടങ്ങവേ
    അമ്മേ, ഞാനറിയുന്നു
    ഈ ദുഷ്ടജന്‍മത്തെ നൊന്തുപെറ്റ
    നിന്‍റെ വയറു തണുത്തീലയെന്ന്‌
    നിന്‍റെ മനസ്സു തണുത്തീലയെന്ന്.
    നിന്‍റെ മനസ്സു തണുത്തീലയെന്ന്...."

    മറുപടിഇല്ലാതാക്കൂ
  22. വളരെ നല്ല പോസ്റ്റ്‌..
    അമ്മയെന്നാല്‍ നന്മയാണ്.. നന്മ അമ്മയും..
    ഓരോ വരിയിലും ഇന്നത്തെ നേരിന്റെ നോവ്‌
    തെളിഞ്ഞു നില്‍ക്കുന്നു.. എഴുത്ത് തുടരുക...
    ഞാന്‍ നിങ്ങളുടെ അയല്‍നാട്ടുകാരന്‍ തന്നെ. ഹകീം. ബ്ലോഗില്‍ മോന്‍സ് എന്നാ പേരില്‍ എഴുതുന്നു. ചെറൂപ്പയില്‍ നിന്നും ഊര്ക്കടവ് റോഡില്‍ നെചിക്കാട്ടുകടവ് എന്നാ സ്ഥലത്താണ് വീട്. കഴിഞ്ഞ രണ്ടു വര്‍ഷമായി സൌദിയില്‍ പ്രാവാസ ജീവിതം നയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  23. ഡോക്ടറെ...
    ഇതെനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടുട്ടോ..
    അമ്മയാണ് നന്മ.
    കുടിച്ചു കൂത്താടാന്‍ മാത്രം പടച്ചിറക്കിയതെന്നു തോന്നിപ്പിക്കുന്ന ഒരു വലിയ വൃത്തികെട്ട യുവ സമൂഹം ഇവിടുണ്ട്. അമ്മയുടെ വില അവരറിയുന്നത് ചിതയിലെക്കെടുത്തു വെക്കുംമ്പോഴാണ്..

    മറുപടിഇല്ലാതാക്കൂ
  24. മനസ്സില്‍ തൊടുന്ന വരികള്‍ ....അമ്മ എന്ന വാക്ക് സ്നേഹത്തിന്റെ പച്ചയായ വികാരമാണ് ...വീണ്ടും ഹൃദയത്തെ സ്പര്‍ശിക്കുന്ന കവിതകള്‍ പ്രതീക്ഷിക്കുന്നു ..:)

    മറുപടിഇല്ലാതാക്കൂ
  25. നല്ല വരികള്‍ .കവിത നന്നായി ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  26. മുഹമ്മദ്‌ നബി (സ) പറഞ്ഞു: " നിന്‍റെ മാതാവിന്‍റെ രണ്ടു കാലുകള്‍ക്ക് അടിയിലാണ് നിന്‍റെ സ്വര്‍ഗം." (നസാഇ)

    മറുപടിഇല്ലാതാക്കൂ
  27. നല്ല ആശയം ഇക്കാ, ചിന്തിപ്പിക്കുന്ന പോസ്റ്റ് , ഇത്തരം മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ അവര്‍ മനസ്സിലാക്കുന്നത് ഏറെ വൈകിയാകും , ചിലപ്പോള്‍ തെറ്റ് മനസ്സിലാക്കാനുള്ള അവസരം കിട്ടാറുമില്ല .

    മറുപടിഇല്ലാതാക്കൂ
  28. നൊമ്പരപ്പെടുത്തുന്നൊരോര്‍മ്മയായി
    ഈ കവിത മനസ്സില്‍ തിങ്ങിവിങ്ങി
    നില്ക്കുന്നു. അഭിനന്ദനങ്ങള്‍.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ
  29. ഹൃദയസ്പർശിയായ ഒരു കവിത കൂടി വായിക്കാൻ കഴിഞ്ഞു.. നന്ദി!!

    മറുപടിഇല്ലാതാക്കൂ
  30. കവിത വായിച്ചു .ഒതുക്കിപ്പറയുവാൻ കഴിയണം.അപ്പോൾ ശക്തമാവും.ആശംസകൾ

    മറുപടിഇല്ലാതാക്കൂ