2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ബാല്യകാല സഖിബാല്യകാലസഖി


ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍
നമ്മളന്നാദ്യമായ്‌ കണ്ടനാള്‍
പട്ടുപാവാടയിട്ടുഷസെന്നപോല്‍
ഓത്തുപള്ളിയിലന്നു നീ വന്നതും
ഹുസ്നുല്‍ ജമാലെന്നു ഞാന്‍ കളിയായ്‌ വിളിച്ചതും
കാര്യമറിയാതെ നീ കരഞ്ഞതും
ഉസ്താദിന്‍ ചൂരലെന്‍ കുഞ്ഞു
കൈകളില്‍ ചിത്രം വരച്ചതും
അതു കാണെ,
നിൻ ചുണ്ടിലെ ചിരിവെയിൽ മാഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ


ഓത്തുപള്ളിയിൽ നിനക്കായ്, നെല്ലിയ്ക്ക
കട്ടെടുത്തു ഞാൻ കൊണ്ടുവന്നതും
നിന്റെ മയിൽപ്പീലി പെറ്റ കുഞ്ഞിനെ
നീയെനിയ്ക്കു പകരമായ് തന്നതും
കണ്ണിമാങ്ങ കണ്ടു നീ കൊതിയ്ക്കെ
മാവിൽ വലിഞ്ഞുകയറി ഞാൻ
മാങ്ങപറിച്ചു തന്നതും
താഴെവന്നപ്പോഴുറുമ്പു കടിയേറ്റു 
നിന്റെ ചുണ്ടുപോൽ ചോന്നതു-
മതുകണ്ടു നിൻ മിഴികൾ നനഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ

ചാറ്റല്‍ മഴയത്ത് പാടവരമ്പിലൂടന്ന്‍
കൈപിടിച്ചൊന്നിച്ചു നമ്മള്‍ നടന്നനാൾ
കാറ്റ് നിന്‍ കസവുതട്ടം തട്ടിപ്പറിച്ചതും
കൂടെ ഞാന്‍ മഴനനഞ്ഞോടിപ്പിടിച്ചതും
അതു കാണ്‍കെ നിന്‍ മുഖത്ത്
പുഞ്ചിരി നിലാവായുദിച്ചതും
ചൊടിയില്‍ നുണക്കുഴി ചുഴികള്‍ തീര്‍ത്തതും
ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍ ....

മാരനായ്‌ വന്നു ഞാന്‍ നിന്നെ
കളിയായ്‌ മിന്നു കെട്ടിയതു,മന്നു
നീയെൻ മണവാട്ടിയായ് ചമഞ്ഞതും
നമ്മളന്നു മണ്ണപ്പം ചുട്ടതു-
മഛനുമമ്മയും കളിച്ചതും
കുഞ്ഞുമക്കൾക്ക് നീ അമ്മിഞ്ഞ കൊടുത്തതും
ഉറക്കാന്‍ താരാട്ടുപാടിയതും
ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍ ....

പാടത്തിനക്കരെ കൈത്തോട്ടിൽ ഞാൻ ചാടിക്കുളിച്ചതും
കരയിൽ നീ നിന്നു കൈകൊട്ടിച്ചിരിച്ചതും
പിന്നെ ഞാൻ നിന്നെ നീന്താൻ പഠിപ്പിച്ചതു-
മൊഴുക്കു പേടിച്ചു നീയെന്നെ
കെട്ടിപ്പിടിച്ചു കരഞ്ഞതും
നിന്റെ മാറിലെ കുഞ്ഞുമിഴികൾ ഞാൻ കണ്ടതും
നാണിച്ചു നീ ചുവന്നു പഴുത്തതും
പിന്നെയെൻ കണ്ണു നീ പൊത്തിക്കളഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ


ഇടയിലെപ്പൊഴോ നമ്മൾ വളർന്നതും
കാലം നമ്മുടെ കളിപ്പന്തൽ തകർത്തതും
നിസ്സഹായരായ് നാം നോക്കിനിന്നതും
കളിമാറാതെ നീ മണവാട്ടിയായതും
എന്റെ നെഞ്ചിലൂടെന്നപോൽ
നിൻ പുതുക്കം പോയതും
യാത്ര പറയവെ,
നിൻ മിഴികളരുവിയായ് തീർന്നതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ...


ഇടയ്ക്കു തിരിഞ്ഞുതിരിഞ്ഞുനോക്കി 
മിഴിനീരുണങ്ങാത്ത നിൻ മുഖം
മഞ്ഞുപോൽ മാഞ്ഞതിന്നു-
മെന്നുമോർക്കുന്നു ഞാൻ....

34 അഭിപ്രായങ്ങൾ:

 1. ഒരു typical കവിത ആയിട്ടുണ്ട്‌.. പിന്നെ കവിതയെ കുറിച്ചൊന്നും എനിക്കറിയത്തില്ല.. എനികിഷ്ട്ടായി..അത്രേന്നെ..

  മറുപടിഇല്ലാതാക്കൂ
 2. കവിത നന്നായിട്ടുണ്ട്...ഇനിയും എഴുതുക....

  മറുപടിഇല്ലാതാക്കൂ
 3. നന്നായിട്ടുണ്ട്... എനികിഷ്ട്ടായി...

  മറുപടിഇല്ലാതാക്കൂ
 4. ജീവിക്കുന്ന ഓർമ്മകൾ..ആശംസകൾ..

  മറുപടിഇല്ലാതാക്കൂ
 5. കാലം നമ്മുടെ കളിപ്പന്തൽ തകർത്തതും
  നിസ്സഹായരായ് നാം നോക്കിനിന്നതും
  കളിമാറാതെ നീ മണവാട്ടിയായതും
  എന്റെ നെഞ്ചിലൂടെന്നപോൽ
  നിൻ പുതുക്കം പോയതും

  ഒര്മാകലെല്ലാം പലവട്ടം പലരും പറഞ്ഞു കേട്ടതാണെങ്കിലും
  നല്ല ഒഴുക്കുള്ള വരികളും താളവും കാരണം ഒരു ഈനമിട്ടാണ്
  ഞാന്‍ വായിച്ചു തീര്‍ത്തത് ..
  നന്നായിരിക്കുന്നു . ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ഒരിക്കല്‍ കൂടി പോയകാലത്തിലേക്ക് കൊണ്ടു പോയി... നന്ദി..

  മറുപടിഇല്ലാതാക്കൂ
 7. അപ്പോള്‍ കവിത എഴുത്തും അല്ലെ..കൊള്ളാം പിന്നെ കവിത എനിക്ക് അത്ര അറിയാത്തതാണ് വായിക്കാന്‍ പ്രയാസമില്ല എന്തേ

  മറുപടിഇല്ലാതാക്കൂ
 8. othiri nannayittund
  manasile pranaya ormakal pakrthi vechapole

  ashamsakal

  മറുപടിഇല്ലാതാക്കൂ
 9. 'കാലം നമ്മുടെ കളിപ്പന്തൽ തകർത്തതും .....'

  ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു ഡോക്ടര്‍.

  ഈ കവിത ഒഴുകി എത്തിയതും ക്രൂരമായ ആ സത്യത്തിലേക്കാണല്ലോ.

  നിഷ്കളങ്കതയുടെയും ആഹ്ലാദാരവങ്ങളുടെയും കളിപ്പന്തലുകള്‍ തകര്‍ത്ത് നിയതിയുടെ ക്രൂരവിനോദങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കളത്തിലേക്ക് മനുഷ്യജന്മങ്ങളെ തള്ളിവിടുക എന്നതാണ് കാലത്തിന്റെ ദൗത്യം എന്നോരു ചിന്ത എന്നില്‍ ഉത്പാദിപ്പിക്കുവാനും ഈ കവിതക്കു കഴിഞ്ഞു.

  മറുപടിഇല്ലാതാക്കൂ
 10. കേട്ട് മറന്ന ഒരു മാപ്പിളപ്പാട്ട്ചിലയിടങ്ങളില്‍ എത്തി നോക്കുന്നോ എന്നൊരു സംശയം .പക്ഷെ ബാകിയുല്ലിടങ്ങളില്‍ വരികള്‍ നേരെ മനസ്സിലേക്ക് കയറി വരുന്നു ..

  മറുപടിഇല്ലാതാക്കൂ
 11. അതെ, കവിതയിൽ ഒരു മാപ്പിളപ്പാട്ട് ടച്ച്. ഉം... കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 12. ഭൂതകാലം നല്ലൊരു ഓത്തുപള്ളി തന്നെ.......വര്‍ത്തമാനത്തെയും ഭാവിയെയും നേരിടാന്‍ പഠിപ്പിക്കുന്ന ഓത്തുപള്ളി.....അല്ലാഹു സഹായിക്കട്ടെ....ആമീന്‍

  മറുപടിഇല്ലാതാക്കൂ
 13. സാധാരണ കവിത വായിച്ചു അഭിപ്രായം പറയാറില്ല. അതിനുള്ള ധൈര്യം ഇല്ല എന്നത് തന്നെ കാരണം. പക്ഷെ ഇത് നന്നായി ഇഷ്ടപ്പെട്ടു കേട്ടോ. ഒരു പക്ഷെ കുറച്ചൊരു ഓര്‍മ്മകളിലേക്ക് കൊണ്ടുപോയതാവും കാരണം :-)

  മറുപടിഇല്ലാതാക്കൂ
 14. കാര്യം കുറെയധികം പറഞ്ഞിട്ടുള്ള വിഷയമെങ്കിലും മനസ്സില്‍ തട്ടും രീതിയില്‍ ഡോക്ടര്‍ പറഞ്ഞിരിക്കുന്നു.. എനിക്കിഷ്ടായി.. കാരണം ഇങ്ങനെയൊരു ബാല്യവും കളിത്തോഴിയും ഉണ്ടായിരുന്നു എന്നത് കൊണ്ട് തന്നെ..
  ആ കൂട്ടുകാരിയെ കുറിച്ചുള്ള ഓര്‍മ്മ ശകലങ്ങള്‍ ഞാന്‍ എഴുതി സൂക്ഷിച്ചതിവിടെ വായിക്കൂ..
  "കാലത്തിന്‍റെ കലിഡോസ്കോപ്പില്‍ തെളിയുന്നത്.."

  വിധി പലപ്പോഴും ക്രൂരമായ കഥാന്ത്യത്തിലേക്ക് നമ്മെ നടത്താറുണ്ട്.. ഇവിടെയും സ്ഥിതി വ്യത്യസതമല്ല..

  ഒരു ചെറിയ നിര്‍ദ്ദേശം ഉണ്ടായിരുന്നു..

  എല്ലാ ഖണ്ഡികയും അവസാനിക്കുന്നത്
  "ഇന്നലെയെന്നോണമോർക്കുന്നു ഞാൻ..." എന്നാണു..
  അതിന്റെ ആവര്‍ത്തനം പോലെ അവസാനഖണ്ഡികയിലും അതാവാമായിരുന്നു എന്ന് തോന്നുന്നു എനിക്ക്..

  "മഞ്ഞുപോൽ മാഞ്ഞതിന്നലെയെന്നോണമോർക്കുന്നു ഞാൻ.." എന്നല്ലേ കൂടുതല്‍ ഭംഗി.. വായിച്ചു വന്ന ആ താളത്തിനു ഭംഗം വരികയുമില്ല..
  പുതിയ പോസ്റ്റുകള്‍ അറിയിക്കുമല്ലോ.. സ്നേഹാശംസകള്‍ !!!

  മറുപടിഇല്ലാതാക്കൂ
 15. കാറ്റ് നിന്‍ കസവുതട്ടം തട്ടിപ്പറിച്ചതും
  കൂടെ ഞാന്‍ മഴനനഞ്ഞോടിപ്പിടിച്ചതും ..!!!

  മറുപടിഇല്ലാതാക്കൂ
 16. ഗ്യഹാതുരത്വത്തിന്റെ സുഖമുള്ള ഇടവഴികളിലൂടെ മനസില്‍ വേര്‍തിരിച്ചറിയാനാകാത്ത വേദനയുമായി എന്നെ നടത്തിയതിനു നന്ദി......

  മറുപടിഇല്ലാതാക്കൂ
 17. നല്ല കവിത..ബാല്യകാല സ്മരണകള്‍ ഉണര്‍ത്തുന്ന , എല്ലാര്‍ക്കും മനസ്സിലാകുന്ന ലളിതമായ വരികള്‍..അഭിനദ്ധനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 18. ഓത്തു പള്ളി മുതല്‍ നിക്കാഹു വരെ ... രചന കൊള്ളാം... ഓര്‍മ്മകള്‍ പലവഴികളിലൂടെ പിറകോട്ടു പാഞ്ഞു ... ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 19. വളരെ ലളിതമായി ഒരു നീണ്ട കാലത്തെ വരഞ്ഞിരിക്കുന്നു.
  ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ..! കാരണം, മറവിക്ക്മേല്‍ ഓര്‍മ്മകള്‍ നടത്തുന്ന സമരമാണ് യാഥാര്‍ത്ഥ സ്വാതന്ത്ര്യ പ്രഖ്യാപനം.
  കവിതക്കഭിനന്ദനം.

  മറുപടിഇല്ലാതാക്കൂ
 20. പാടത്തിനക്കരെ കൈത്തോട്ടിൽ ഞാൻ ചാടിക്കുളിച്ചതും
  കരയിൽ നീ നിന്നു കൈകൊട്ടിച്ചിരിച്ചതും
  പിന്നെ ഞാൻ നിന്നെ നീന്താൻ പഠിപ്പിച്ചതു-
  മൊഴുക്കു പേടിച്ചു നീയെന്നെ
  കെട്ടിപ്പിടിച്ചു കരഞ്ഞതും
  നിന്റെ മാറിലെ കുഞ്ഞുമിഴികൾ ഞാൻ കണ്ടതും
  നാണിച്ചു നീ ചുവന്നു പഴുത്തതും
  പിന്നെയെൻ കണ്ണു നീ പൊത്തിക്കളഞ്ഞതും
  ഇന്നലെയെന്നോണമോർക്കുന്നു ഞാൻ

  ഈ വരികള്‍ നെഞ്ചില്‍ ചേര്‍ത്തു വെയ്ക്കുന്നൂ..

  മറുപടിഇല്ലാതാക്കൂ
 21. ഡോക്ടര്‍,
  മനസ്സ് നിറഞ്ഞു പെയ്തു ഈ കവിത..
  ഓര്‍മകളുടെ ഓരങ്ങളിലൂടെ സ്വപ്നങ്ങളുടെ ചങ്ങാടത്തിലെറി ഒരു യാത്ര..

  "പിന്നെ ഞാൻ നിന്നെ നീന്താൻ പഠിപ്പിച്ചതു-
  മൊഴുക്കു പേടിച്ചു നീയെന്നെ
  കെട്ടിപ്പിടിച്ചു കരഞ്ഞതും
  നിന്റെ മാറിലെ കുഞ്ഞുമിഴികൾ ഞാൻ കണ്ടതും
  നാണിച്ചു നീ ചുവന്നു പഴുത്തതും "

  അനശ്വരം...
  ഈ നല്ല വായനക്ക് ഒരായിരം ആശംസകള്‍..

  ഡോക്ടര്‍ക്ക് സമയം കിട്ടുമ്പോള്‍ ഒന്ന് ഇവിടം വരെ വരില്ലേ..
  www.kachatathap.blogspot.com

  മറുപടിഇല്ലാതാക്കൂ
 22. ബാല്യം മനസ്സില്‍ മഞ്ചാടി മണികള്‍ പോലെ കാലം സൂക്ഷിച്ചു വച്ചതാണ്.. കവിത കൊള്ളാം.. :)

  മറുപടിഇല്ലാതാക്കൂ
 23. ആദ്യമായാ ഇവിടെ !! ഒരു പഴയഗാനത്തിന്റെ ചില വരികള്‍ അറിയാതെ വന്നുപോയോ ?
  വരികള്‍ക്ക് നല്ല അടുക്കും ചിട്ടയും !! (കുറ്റിക്കാട്ടൂര്‍ ആണല്ലേ ?അപ്പോള്‍ നമ്മള്‍ അടുത്ത നാട്ടുകാരാണല്ലോ ? വീണ്ടും കാണാം ട്ടോ

  മറുപടിഇല്ലാതാക്കൂ
 24. കയ്യീന്ന് പോയത് പോയത് തന്നെ.
  ഇഷ്ടപ്പെട്ടത് കിട്ടിയില്ലേല്‍ കിട്ടിയത്‌ ഇഷ്ടപ്പെടണം എന്നാ പ്രമാണം.
  അതിനാള്‍ മറന്നേക്കുക ബാല്യചാപല്യങ്ങള്‍..
  (ആധുനികകവിത പിടിയില്ല. എന്നാലും വരികളിലെ ലാളിത്യവും ആശയവും, സുവ്യക്തവും സുന്ദരവുമാണ്)

  മറുപടിഇല്ലാതാക്കൂ
 25. നഷ്ട്ടപ്പെട്ട ആ കുട്ടിക്കാലം വളരെ രസകരമായി ലളിത സുന്ദര വാക്കുകളില്‍ വരികളില്‍ പറഞ്ഞു...അന്നത്തെ നമ്മുടെ കളിക്കൂട്ടുകാര്‍ ജീവിതത്തിന്റെ ഒഴുക്കില്‍ പല വഴികളില്‍ പിരിഞ്ഞു പോയി... എന്നെങ്കിലും എവിടെ വെച്ചെങ്കിലും അവരെ നമ്മള്‍ കണ്ടു മുട്ടുമ്പോള്‍ ഓര്‍മ്മകളെ നാം തിരിച്ചു വിളിക്കുന്നു... ആ ഓര്‍മ്മകള്‍ സുഖമുള്ള നോവായി നമ്മില്‍ അവശേഷിക്കുന്നു... ആശംസകള്‍... ഭാവുകങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 26. കുട്ടിക്കാല ചിത്രം ഇഷ്ടായി, പലതും ഓര്‍മയിലേക്ക് വന്നു.

  മറുപടിഇല്ലാതാക്കൂ
 27. ഓത്തു പള്ളീല്‍ അന്ന് നമ്മള്‍.. എന്ന പാട്ടിനെ ഓര്‍മിപ്പിച്ചു ചില വരികള്‍ .. പക്ഷെ ആ നാടന്‍ കുട്ടിക്കാലം ഓര്‍മ്മയില്‍ വരുത്തുന്ന വരികള്‍.. ലളിതം. ഹൃദ്യം

  മറുപടിഇല്ലാതാക്കൂ
 28. വൈദ്യരെ, ഒരു പോസ്റ്റ്‌ ഇട്ടിട്ട് മാസങ്ങള്‍ ആയി.
  ഇതെവിടെയാ സാറേ?

  (ആ അബ്സാര്‍ വൈദ്യരെ കണ്ടുപഠിക്ക്. മാസം നാല്പതു പോസ്റ്റാ അങ്ങേര് ചാര്‍ത്തുന്നത്)

  മറുപടിഇല്ലാതാക്കൂ