2012, നവംബർ 23, വെള്ളിയാഴ്‌ച

ഗാസ

("സഹോദരി മരിച്ചതറിയാതെ കളിക്കാന്‍ കൂട്ട് തേടുന്ന കുഞ്ഞനിയത്തി"
ഗാസയിലെ കുരുന്നുകളുടെ ചിത്രങ്ങളില്‍ നിന്ന് എന്നെ വല്ലാതെ ഉറക്കം കെടുത്തിയത്‌ ഇതായിരുന്നു.........
 പേരറിയാത്ത ആ കുഞ്ഞിനു വേണ്ടി ഈ വരികള്‍)

ചേച്ചി, കണ്ണ് തുറന്നെന്നെയെന്തേ നോക്കാത്തൂ ?
കണ്ടിട്ട് ചുണ്ടില്‍ പുഞ്ചിരി വിടരാത്തൂ ?
വാരിയെടുത്തു മുത്തം തരാത്തൂ ?
മുറ്റത്തെ കൊച്ചു കളിപ്പന്തലില്‍
നാം മണ്ണപ്പം ചുട്ടു കളിക്കേ
വിണ്ണില്‍ തീമഴ, ചൂടുകാറ്റ്
എല്ലാം മൂടും വിഷപ്പുക.....
ധൂളികള്‍ നീങ്ങി കാഴ്ച തെളിയവേ
ഞാന്‍ മാത്രമായ്, പാതിവെന്ത കളിപ്പാവയും....
എത്ര ഞാന്‍ നിന്നെ പേരുചൊല്ലി വിളിച്ചീല
എവിടെയൊക്കെ ഞാന്‍ നിന്നെ തിരക്കി നടന്നീല
 അല്ല!,നീയെന്തിങ്ങിനെയുറങ്ങുന്നു,ഗാഡമായ്‌
പകലിലീയുച്ചനേരത്തിതിങ്ങനെ ?
അതോ, കള്ളയുറക്കം നടിച്ചു നീയെന്നെ
എന്നുമെന്നപോല്‍ കളിപ്പിക്കയാണോ ?
അല്ല!, നിന്റെയുടുപ്പിലാരു തുന്നിത്തന്നു
ഇത്രയ്ക്ക് ചോന്ന പൂക്കള്‍ ഭംഗിയായിങ്ങനെ ?
അല്ല!, നിന്റെ വിരലിലെന്തിത്ര തണുപ്പ് ?
നിന്റെ കയ്യിലെയിളം ചൂടെങ്ങു മാഞ്ഞുപോയ് ?
ചേച്ചീ.. കണ്ണ് തുറക്ക,
കളിയുറക്കം വിട്ടെഴുന്നേല്ക്ക,
കാത്തിരിക്കുന്നു കളിവീടും കളിക്കോപ്പുകള്‍
കളിച്ചു തിമര്ക്കാ ന്‍ നീണ്ടു കിടക്കുന്ന പകലും.......

12 അഭിപ്രായങ്ങൾ:

 1. നല്ല ഒതുക്കമുള്ള വരികള്‍ ,,
  നല്ല കവിത ,,

  മറുപടിഇല്ലാതാക്കൂ
 2. ഈ ചിത്രം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ തന്നെ ദുഖം തോന്നി.എന്റെ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു.ഒട്ടും മോശമല്ലാത്ത വരികള്‍....

  മറുപടിഇല്ലാതാക്കൂ
 3. ഒന്നുമറിയാത്ത അനിയത്തിയുടെ കണ്ണിലൂടെ നോക്കിയപ്പോള്‍ പ്രമേയത്തിന്റെ ഗൌരവം ചോര്‍ന്നുപോയെങ്കിലും കവിത നന്നായി.ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. കരളില്‍ കഠാര കുത്തിയിറക്കും വേദന.
  വരികളെക്കാള്‍ ചിത്രം കഥപറയുന്നു
  മനസ്സിലെ ഈ 'തീ' അണയാതെയിരിക്കട്ടെ !

  മറുപടിഇല്ലാതാക്കൂ
 5. ഈ ചിത്രമില്ലാതെ കവിത പൂർണ്നമാകുന്നില്ല, എന്നാലും ഇത്തരം ചിത്രങ്ങൾ മനസ്സിനെ കൊളുത്തി വലിക്കുന്നു. നല്ല വരികൾ!

  മറുപടിഇല്ലാതാക്കൂ
 6. ഡോക്ട്ടറെ,
  ചില ചിത്രങ്ങള്‍ അങ്ങനെയാണ്.
  മനസിനെ കീറിമുറിക്കും.
  ഉറക്കം നഷ്ടപ്പെടുത്തും.
  ദിവസങ്ങളോളം വിങ്ങലായി മനസ്സില്‍ നില്‍ക്കും!

  തീപാറുന്നു വരികളില്‍

  (ഇത് വാളില്‍ വന്നപ്പോള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു)

  മറുപടിഇല്ലാതാക്കൂ
 7. ഈ ചിത്രം നേരത്തേ വല്ലാതെ നോവിച്ചിരുന്നു; ഇപ്പോള്‍ താങ്കളുടെ കവിതയും.

  മറുപടിഇല്ലാതാക്കൂ
 8. ചിത്രമൊരായിരം വാക്കിന്നു സമമെന്ന് ശീലുകള്‍ ചൊല്ലുന്നു പഴംതമിഴില്‍.!

  മറുപടിഇല്ലാതാക്കൂ
 9. ഒന്നും പറയാനില്ല.ചിത്രം ഒരുപാട നേരം നോക്കി ഇരുന്നു


  മറുപടിഇല്ലാതാക്കൂ