2012, നവംബർ 23, വെള്ളിയാഴ്‌ച

ഗാസ

("സഹോദരി മരിച്ചതറിയാതെ കളിക്കാന്‍ കൂട്ട് തേടുന്ന കുഞ്ഞനിയത്തി"
ഗാസയിലെ കുരുന്നുകളുടെ ചിത്രങ്ങളില്‍ നിന്ന് എന്നെ വല്ലാതെ ഉറക്കം കെടുത്തിയത്‌ ഇതായിരുന്നു.........
 പേരറിയാത്ത ആ കുഞ്ഞിനു വേണ്ടി ഈ വരികള്‍)

ചേച്ചി, കണ്ണ് തുറന്നെന്നെയെന്തേ നോക്കാത്തൂ ?
കണ്ടിട്ട് ചുണ്ടില്‍ പുഞ്ചിരി വിടരാത്തൂ ?
വാരിയെടുത്തു മുത്തം തരാത്തൂ ?
മുറ്റത്തെ കൊച്ചു കളിപ്പന്തലില്‍
നാം മണ്ണപ്പം ചുട്ടു കളിക്കേ
വിണ്ണില്‍ തീമഴ, ചൂടുകാറ്റ്
എല്ലാം മൂടും വിഷപ്പുക.....
ധൂളികള്‍ നീങ്ങി കാഴ്ച തെളിയവേ
ഞാന്‍ മാത്രമായ്, പാതിവെന്ത കളിപ്പാവയും....
എത്ര ഞാന്‍ നിന്നെ പേരുചൊല്ലി വിളിച്ചീല
എവിടെയൊക്കെ ഞാന്‍ നിന്നെ തിരക്കി നടന്നീല
 അല്ല!,നീയെന്തിങ്ങിനെയുറങ്ങുന്നു,ഗാഡമായ്‌
പകലിലീയുച്ചനേരത്തിതിങ്ങനെ ?
അതോ, കള്ളയുറക്കം നടിച്ചു നീയെന്നെ
എന്നുമെന്നപോല്‍ കളിപ്പിക്കയാണോ ?
അല്ല!, നിന്റെയുടുപ്പിലാരു തുന്നിത്തന്നു
ഇത്രയ്ക്ക് ചോന്ന പൂക്കള്‍ ഭംഗിയായിങ്ങനെ ?
അല്ല!, നിന്റെ വിരലിലെന്തിത്ര തണുപ്പ് ?
നിന്റെ കയ്യിലെയിളം ചൂടെങ്ങു മാഞ്ഞുപോയ് ?
ചേച്ചീ.. കണ്ണ് തുറക്ക,
കളിയുറക്കം വിട്ടെഴുന്നേല്ക്ക,
കാത്തിരിക്കുന്നു കളിവീടും കളിക്കോപ്പുകള്‍
കളിച്ചു തിമര്ക്കാ ന്‍ നീണ്ടു കിടക്കുന്ന പകലും.......

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

ബാല്യകാല സഖി



ബാല്യകാലസഖി


ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍
നമ്മളന്നാദ്യമായ്‌ കണ്ടനാള്‍
പട്ടുപാവാടയിട്ടുഷസെന്നപോല്‍
ഓത്തുപള്ളിയിലന്നു നീ വന്നതും
ഹുസ്നുല്‍ ജമാലെന്നു ഞാന്‍ കളിയായ്‌ വിളിച്ചതും
കാര്യമറിയാതെ നീ കരഞ്ഞതും
ഉസ്താദിന്‍ ചൂരലെന്‍ കുഞ്ഞു
കൈകളില്‍ ചിത്രം വരച്ചതും
അതു കാണെ,
നിൻ ചുണ്ടിലെ ചിരിവെയിൽ മാഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ


ഓത്തുപള്ളിയിൽ നിനക്കായ്, നെല്ലിയ്ക്ക
കട്ടെടുത്തു ഞാൻ കൊണ്ടുവന്നതും
നിന്റെ മയിൽപ്പീലി പെറ്റ കുഞ്ഞിനെ
നീയെനിയ്ക്കു പകരമായ് തന്നതും
കണ്ണിമാങ്ങ കണ്ടു നീ കൊതിയ്ക്കെ
മാവിൽ വലിഞ്ഞുകയറി ഞാൻ
മാങ്ങപറിച്ചു തന്നതും
താഴെവന്നപ്പോഴുറുമ്പു കടിയേറ്റു 
നിന്റെ ചുണ്ടുപോൽ ചോന്നതു-
മതുകണ്ടു നിൻ മിഴികൾ നനഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ

ചാറ്റല്‍ മഴയത്ത് പാടവരമ്പിലൂടന്ന്‍
കൈപിടിച്ചൊന്നിച്ചു നമ്മള്‍ നടന്നനാൾ
കാറ്റ് നിന്‍ കസവുതട്ടം തട്ടിപ്പറിച്ചതും
കൂടെ ഞാന്‍ മഴനനഞ്ഞോടിപ്പിടിച്ചതും
അതു കാണ്‍കെ നിന്‍ മുഖത്ത്
പുഞ്ചിരി നിലാവായുദിച്ചതും
ചൊടിയില്‍ നുണക്കുഴി ചുഴികള്‍ തീര്‍ത്തതും
ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍ ....

മാരനായ്‌ വന്നു ഞാന്‍ നിന്നെ
കളിയായ്‌ മിന്നു കെട്ടിയതു,മന്നു
നീയെൻ മണവാട്ടിയായ് ചമഞ്ഞതും
നമ്മളന്നു മണ്ണപ്പം ചുട്ടതു-
മഛനുമമ്മയും കളിച്ചതും
കുഞ്ഞുമക്കൾക്ക് നീ അമ്മിഞ്ഞ കൊടുത്തതും
ഉറക്കാന്‍ താരാട്ടുപാടിയതും
ഇന്നലെയെന്നോണമോര്‍ക്കുന്നു ഞാന്‍ ....

പാടത്തിനക്കരെ കൈത്തോട്ടിൽ ഞാൻ ചാടിക്കുളിച്ചതും
കരയിൽ നീ നിന്നു കൈകൊട്ടിച്ചിരിച്ചതും
പിന്നെ ഞാൻ നിന്നെ നീന്താൻ പഠിപ്പിച്ചതു-
മൊഴുക്കു പേടിച്ചു നീയെന്നെ
കെട്ടിപ്പിടിച്ചു കരഞ്ഞതും
നിന്റെ മാറിലെ കുഞ്ഞുമിഴികൾ ഞാൻ കണ്ടതും
നാണിച്ചു നീ ചുവന്നു പഴുത്തതും
പിന്നെയെൻ കണ്ണു നീ പൊത്തിക്കളഞ്ഞതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ


ഇടയിലെപ്പൊഴോ നമ്മൾ വളർന്നതും
കാലം നമ്മുടെ കളിപ്പന്തൽ തകർത്തതും
നിസ്സഹായരായ് നാം നോക്കിനിന്നതും
കളിമാറാതെ നീ മണവാട്ടിയായതും
എന്റെ നെഞ്ചിലൂടെന്നപോൽ
നിൻ പുതുക്കം പോയതും
യാത്ര പറയവെ,
നിൻ മിഴികളരുവിയായ് തീർന്നതും
ഇന്നലെയെന്നോണമോർക്കുന്നു ഞാൻ...


ഇടയ്ക്കു തിരിഞ്ഞുതിരിഞ്ഞുനോക്കി 
മിഴിനീരുണങ്ങാത്ത നിൻ മുഖം
മഞ്ഞുപോൽ മാഞ്ഞതിന്നു-
മെന്നുമോർക്കുന്നു ഞാൻ....

2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

അമ്മയ്ക്ക്‌


ഉദരത്തിലഞ്ചെട്ടു മാസം ചുമന്നു
നീയെനിക്കായ്‌ ഒരു പാടു നോവു തിന്നു
നിന്‍റെ ഗര്‍ഭപാത്രം ചവിട്ടിമെതിച്ചു കുതിച്ചുവന്നവന്‍
ഞാന്‍ അന്നേ അഹങ്കാരി

  ****

നിന്‍റെ മാറിലെ അമൃതിനുറവകളെനിക്കായ്‌
വാത്സല്യം ചുരത്തവേ,
നിന്‍ നെഞ്ചിന്‍ സ്നേഹം നുണഞ്ഞു ഞാന്‍
‍നിന്നെ കടിച്ചു മുറിവേല്‍പിച്ചു.
"കള്ള"നെന്നോതിയെന്നെ നോവാതെ തല്ലി, നീ
നോവൊരനുഭൂതിയായ്‌ നുണഞ്ഞവള്‍ ....
                                          
       ****    
പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയപ്പൊളാരാന്‍റെ
മാവിലെറിഞ്ഞു,മന്യന്‍റെ മക്കളെ നോവിച്ചും
അസുരവിത്തെന്നു പേരു കേള്‍പ്പിച്ചു ഞാന്‍
തല്ലുകൊള്ളാതോടിയെത്തി 
നിന്‍റെ മടിത്തട്ടിലൊളിച്ചപ്പഴും 
വികൃതിയാമെന്നെച്ചൊല്ലി 
കുത്തുവാക്കുകളൊട്ടു കേട്ടപ്പഴും
നീ, സ്വാന്തനത്തിന്‍റെ ഭാണ്ഡ
മെനിക്കായ്‌ തുറന്നു വച്ചവള്‍ ......
                                          
    ****    
പുത്തനുടുപ്പിട്ടണിയിച്ചൊരുക്കി നീയെന്നെ
പള്ളിക്കൂടത്തിലേക്കു യാത്രയാക്കി
മുണ്ടു മുറുക്കിയുടുത്തു നീ നിന്‍റെ
അത്താഴമെനിക്കു പൊതിച്ചോറു തന്നു
ഞാനോ നിന്‍റെ മടിശ്ശീല തപ്പിയി-
ട്ടാരാന്‍റെ മുറ്റമടിച്ചുമെച്ചിലു കഴുകിയും
നീ കാത്ത വിയര്‍പ്പിന്‍ മണമെഴും
നാണയത്തുട്ടു കൈക്കലാക്കി
മുറിബീഡി പുകച്ചു സന്ധ്യക്കു
നേരം തെറ്റി തിരിച്ചെത്തുന്നു.
അന്നു ഞാന്‍ പഠിച്ച പാഠങ്ങളമ്മേ
അത്രയും പിഴയായിരുന്നു.
                                         
****       
പകലന്തിയോളം വേല ചെയ്തു
കിട്ടുന്ന കൂലി മുഴുക്കെയും
വലിച്ചും കുടിച്ചും കളിച്ചും,ബാക്കി
തെരുവിലെപ്പെണ്ണിന്നു കാഴ്ചവച്ചും തീര്‍ത്തു
നീയെനിക്കായ്‌ കാത്തുവയ്ക്കുന്ന
തണുത്തുറഞ്ഞയൊരു പിടിച്ചോറുണ്ണാന്‍
പാതി രാത്രിയും കഴിഞ്ഞു ഞാന്‍
നിലത്തുറയ്ക്കാത്ത പാദങ്ങളോടെത്തവെ
നീ എനിക്കായ്‌ വാതില്‍ തുറന്നു വച്ചു
വഴിക്കണ്ണുമായ്‌ കാത്തിരുവള്‍ ....
കറിയിലുപ്പില്ലെന്നു ചൊല്ലി ഞാന്‍
നിന്നെ നാഭിയ്ക്കു തൊഴിച്ചു വീഴ്ത്തി
എന്‍റെ കാലു നൊന്തെന്നോര്‍ത്തു കരഞ്ഞു തളര്‍ന്നു
നീ അന്നൊരു പോള കണ്ണടച്ചീല
 കള്ളുകുടിച്ചു കരളുവേവി-
ച്ചൊരു നുള്ളു സുഖം നിനക്കായ്‌ തരാതെ
യാത്രയായൊരച്ചന്‍റെ ശിഷ്ടപത്രമാം
ഈ പുത്രനെച്ചൊല്ലി നിന്‍റെ കണ്ണു ചോര്‍ന്നതു
പക്ഷെ, ഞാനറിഞ്ഞീല......


****    
കാലമൊരുപാടു കഴിഞ്ഞു,നരച്ചു കവിളൊട്ടി
നീ വാതം പിടിച്ചു കിടപ്പിലായി
ഊന്നുവടിയൂന്നി നിന്‍റെ ശോഷിച്ച
കാലിലെഴുന്നേറ്റുനില്‍ക്കാന്‍ ശ്രമിച്ചു
നീ വേച്ചു വേച്ചു പോകവേ
ഒരു പെണ്ണിന്‍റെ മൊഴി കേട്ടു
തിരിഞ്ഞുനടവന്‍ ഞാന്‍ മഹാപാപി
വയസ്സുകാലത്തു താങ്ങാകാഞ്ഞയീ
പാഴ്ജന്‍മത്തെയോര്‍ത്തു
നിന്‍റെയുള്ളു വെന്തതു
പക്ഷെ,  ഞാനറിഞ്ഞീല.....


****    
ഇന്ന്‌,
ഞാന്‍ തീര്‍ത്ത പട്ടടയില്‍ നീയെരിഞ്ഞടങ്ങവേ
അമ്മേ, ഞാനറിയുന്നു
ഈ ദുഷ്ടജന്‍മത്തെ നൊന്തുപെറ്റ
നിന്‍റെ വയറു തണുത്തീലയെന്ന്‌
നിന്‍റെ മനസ്സു തണുത്തീലയെന്ന്.
നിന്‍റെ മനസ്സു തണുത്തീലയെന്ന്....

( സമര്‍പ്പണം-
നൊന്തു പെറ്റ മക്കള്‍ ഒരിറ്റു സ്നേഹം നല്‍കാതെ പട്ടിണിയിട്ടു കൊന്ന ഒരായിരം അമ്മമാര്‍ക്ക്‌)

2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

കിറുക്കറ്റ്‌

പിറന്നു വീണ കുഞ്ഞ്കരഞ്ഞു ചോദിച്ചു
ഹൌസാസാ......... റ്റ്‌ !?
തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശി
തൊണ്ണു കാട്ടിക്കരഞ്ഞു
തെണ്ടുല്ക്കറൌട്ടായെന്നോ ?
ശിവ ശിവ...
ഇനിയൊന്നും കാണിക്കാതെന്നെ
അങ്ങോട്ടു വിളിയ്ക്കണേ ന്‍റെ ഭഗ്വോതീ......